സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എൻ.ഡി.എയുടെ പത്രിക തള്ളി
അഡ്മിൻ
തലശ്ശേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ.ഹരിദാസിന്റെ പത്രിക തള്ളി. ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് എൻ .ഹരിദാസ്. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.
സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും പത്രിക തെറ്റുകൾ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല.ഫലത്തിൽ തലശ്ശേരിയിൽ ബി.ജെ.പിക്കു സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി.
ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവുമധികം (2016ൽ 22125 വോട്ട്) വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. അതേസമയം ഗുരുവായൂരിലും ഇടുക്കി ദേവികുളം മണ്ഡലത്തിലും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. ഗുരുവായൂരിൽ അഡ്വ. നിവേദിതയുടെ പത്രികയും ദേവികുളത്ത് എൻ.ഡി.എയ്ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും പത്രികകളാണ് തള്ളിയത്.