സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യത

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യം പരിഗണിച്ച്‌ കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവരും വാക്‌സിന്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ കോവിഡ്-19 കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ അടുത്ത തരംഗം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് കോവിഡ്-19 കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുന്നത്.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇത്തരം സംഭവങ്ങളുണ്ടായപ്പോഴും കേന്ദ്രത്തെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഐസിഎംആറിന്റെ പഠനപ്രകാരം സംസ്ഥാനത്ത് 20 കേസുകള്‍ ഉണ്ടാകുമ്പോഴാണ് രാജ്യത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ ഈ നിരക്ക് 30 ആണ്. തമിഴ്‌നാട്ടില്‍ ഇത് ശരാശരി 24 ആണ്.

20-Mar-2021