തലശേരിയില്‍ പത്രിക തള്ളിയതിന് പിന്നിൽ ബി.ജെ.പി - കോൺഗ്രസ് അന്തർധാര : എം.വി ജയരാജൻ

തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള അന്തർധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. അശ്രദ്ധമൂലമുണ്ടായ പിഴവുമൂലമാണ് നാമനിർദേശ പട്ടിക തള്ളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.തലശ്ശേരിയുടെ കാര്യത്തിൽ മറ്റുമണ്ഡലങ്ങളിൽ സമർപ്പിച്ചതുപോലുളള അധികാര പത്രം സമർപ്പിച്ചില്ല. അതിനുപകരം കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമർപ്പിച്ചത്. അതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളുന്നത്.

അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നതുപോലെ ഡമ്മി സ്ഥാനാർഥിയുടെ കാര്യത്തിൽ അതും തള്ളപ്പെടുകയാണ് ഉണ്ടായത്. അത് എങ്ങനെ സംഭവിച്ചു എന്ന് ബി.ജെ.പിയാണ് വ്യക്തമാക്കേണ്ടത്.പക്ഷേ ബി.ജെ.പി എത്രമാത്രം വ്യക്തമാക്കിയാലും കണ്ണൂർ ജില്ലയിലെ മറ്റുമണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയസംസ്ഥാന അധ്യക്ഷന്മാർ ശരിയായ വിധത്തിൽ നാമനിർദേശ പത്രികയോടൊപ്പം അധികാര പത്രം സമർപ്പിച്ചപ്പോൾ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമർപ്പിച്ചില്ല.

മറ്റുമണ്ഡലങ്ങളിൽ ശരിയായ വിധത്തിൽ സമർപ്പിക്കാമെങ്കിൽ തലശ്ശേരിയിലും സമർപ്പിക്കാമല്ലോ.
ഇത് സംബന്ധിച്ച് ബി.ജെ.പി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായി അറിയുന്നു. അതിനുളള അവകാശം ബി.ജെപിക്കും സ്ഥാനാർത്ഥിക്കും ഉണ്ട്. എന്നാൽ തങ്ങളുടെ നോമിനേഷൻ തളളാൻ ഇടവരുത്തുന്ന വിധത്തിൽ ഒരു നോമിനേഷൻ സമർപ്പിക്കുക എന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല ജയരാജൻ പറഞ്ഞു

21-Mar-2021