കോൺഗ്രസിൽ തുടരുന്ന ഇരിക്കൂർ പ്രതിസന്ധി: സമവായ നിർദേശം തള്ളി കെ. സുധാകരനും
അഡ്മിൻ
എ ഗ്രൂപ്പിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകി ഇരിക്കൂർ പ്രശ്‌നം തീർക്കാനുള്ള ഉമ്മൻചാണ്ടിയുടെ സമവായനിർദേശം കെ സുധാകരനും തള്ളി. കഴിഞ്ഞദിവസം തലശേരി ഗസ്റ്റ്ഹൗസിൽ ഇരിക്കൂറിലെ സ്ഥാനാർഥി സജീവ് ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരനുമായുള്ള ചർച്ച.
എഐസിസിയും കെപിസിസിയും സൃഷ്ടിച്ച പ്രശ്‌നം അവർ തന്നെ തീർക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. മൂന്നുമാസം മുമ്പേ കെ സി ജോസഫ് ഇരിക്കൂറിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതാണെന്നും ഇത്രയും സമയമുണ്ടായിട്ടും സീറ്റ് നിലനിർത്താൻ എ ഗ്രൂപ്പിന് കഴിയാത്തത് ആരുടെ കുറ്റമാണെന്നും സുധാകരൻ ചോദിച്ചു.
ഇതോടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന യുഡിഎഫ് ഇരിക്കൂർ മണ്ഡലം കൺവൻഷനും അനിശ്ചിതത്വത്തിലായി. സ്ഥാനാർഥി നിർണയത്തിലെ മുറിവുണക്കാൻ എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് കൺവൻഷൻ നിശ്ചയിച്ചത്.
സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച സോണി സെബാസ്റ്റ്യൻ, കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ വി ഫിലോമിന, എം പി മുരളി, വി എൻ ജയരാജ്, യുഡിഎഫ് ചെയർമാൻ പി ടി മാത്യു, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ എന്നിവർ ഇതുവരെ രാജി പിൻവലിച്ചിട്ടില്ല.