രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ച; വിമർശനവുമായി ജി സുധാകരൻ

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നടത്തിയ പുഷ്പാർച്ചയനെ നിശിതമായി വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമാണ്. വെടിയേൽക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ വാരിക്കുന്തവുമായി പൊരുതാൻ ഇറങ്ങിയത്. രാജവാഴ്ചക്കെതിരെ കേരളത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ വേണ്ടി നടത്തിയ പോരാട്ടമാണത്. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച ഒരാളെങ്കിലും ബി.ജെ.പിക്ക് കേരളത്തിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തെ വിമർശിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ മന്ത്രി സംസാരിച്ചത്. 'തത്വദീക്ഷയില്ലാത്ത പ്രതിപക്ഷങ്ങളാണ് കേരളത്തിൽ. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കയറി ഒരു സ്ഥാനാർത്ഥി വിദ്വാൻ പുഷ്പാർച്ചന നടത്തി. ഇനിയും നടത്തുമെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കാലം അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞങ്ങൾ സംയമനം പാലിക്കുന്നു. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമായിരുന്നു ഇത്.

കോൺഗ്രസ് ഒരു ചെറുവിരൽ അനക്കിയില്ല, പ്രതിഷേധിച്ചില്ല. ശരിയോ തെറ്റോയെന്ന് ചെന്നിത്തല സാർ മിണ്ടിയിട്ടില്ല. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം പി.ബി അംഗം എസ്ആർപി ചോദിച്ചു. ആരും ഒരക്ഷരം മിണ്ടിയിട്ടില്ല.' 'ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇത് എന്താണെന്ന് അറിയാമോ? രാജവാഴ്ച അവസാനിപ്പിക്കുന്നത് ബി.ജെ.പിക്ക് ചിന്തിക്കാൻ കഴിയുമോ. ഉത്തരേന്ത്യയിൽ രാജവാഴ്ചയെ പിന്തുണക്കുന്നവരാണ് ബി.ജെ.പി. കേരളത്തിൽ രാജവാഴ്ച നടക്കില്ല. അറിഞ്ഞുകൊണ്ട് തന്നെയാണ് തിരുവിതാംകൂറിലെ ജനം പൊരുതിയത്. ആരും തിരിഞ്ഞോടിയിട്ടില്ല. നെഞ്ചിലാണ് അവർക്ക് വെടിയേറ്റത്. കൂടുതൽ പറയുന്നില്ല.

പാപ്പരത്വമാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രവർത്തി. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച ഒരാളുണ്ടോ ബി.ജെ.പിക്ക് കേരളത്തിൽ? രാജവാഴ്ചയ്ക്കെതിരെ ഇന്ത്യയുടെ ഭാഗമായി കേരളത്തെ മാറ്റാൻ പോരാടിയവരാണവർ. അതിനേക്കുറിച്ച് ചിന്തിക്കാൻ ബി.ജെ.പിക്കാവില്ല.- സുധാകരന്‍ പറഞ്ഞു.

21-Mar-2021