വിവരാവകാശ നിയമപ്രകാരമുള്ള സര്‍ക്കാരിന്റെ ചോദ്യത്തിന് വിവരം നല്‍കാനാകില്ലെന്ന് കസ്റ്റംസിന്റെ മറുപടി. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നാണ് കസ്റ്റംസ് ഒഴിഞ്ഞുമാറിയത്. ആറ് ചോദ്യത്തില്‍ പ്രധാനമായ മൂന്നെണ്ണത്തിന് വിവരം നല്‍കിയില്ല. ബാക്കി ചോദ്യങ്ങള്‍ക്ക് നാട്ടില്‍ വിവരം ലഭിക്കുമെന്ന വിചിത്ര മറുപടിയുമാണ് നല്‍കിയത്.
കൊച്ചി യൂണിറ്റ് വിവരാവകാശ ഓഫീസറായ അസിസ്റ്റന്റ് കമീഷണര്‍ ആര്‍ ആര്‍ ഗോസ്വാമിയാണ് അവസാന ദിവസം വിചിത്രമായ മറുപടി നല്‍കിയത്. സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ പി രാജീവനാണ് വിവരാവകാശനിയമപ്രകാരം കസ്റ്റംസിനെ സമീപിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ പേരില്‍ രണ്ട് വര്‍ഷത്തിനിടെ ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ജനുവരി 30നാണ് സര്‍ക്കാരിനുവേണ്ടി അസി.പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസ് തിരുവനന്തപുരം, കൊച്ചി യൂണിറ്റുകള്‍ക്ക് അപേക്ഷ അയച്ചത്. ഫെബ്രുവരി രണ്ടിന് അപേക്ഷ സ്വീകരിച്ചു.
നിയമപ്രകാരമുള്ള 30 ദിവസത്തിന്റെ അവസാനദിവസമായ മാര്‍ച്ച് മൂന്നിനാണ് തട്ടിക്കൂട്ട് മറുപടി നല്‍കിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പലേറ്റ് അതോറിറ്റിയായ കസ്റ്റംസ് ജോയിന്റ് കമീഷണറെ സമീപിച്ചേക്കും.