കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നടപ്പാക്കിയത് ഇടതുമുന്നണി: കാനം
അഡ്മിൻ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നടപ്പാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുൻ സംസ്ഥാന സെക്രട്ടറി സി. കെ ചന്ദ്രപ്പന്റെയും ജില്ലയിലെ പാർട്ടി നേതാവായിരുന്ന കെ .ആർ സ്വാമിനാഥന്റെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളുമെല്ലാം കേരളത്തെ പിടിച്ചുലച്ചു. അപ്പോഴെല്ലാം ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വോട്ടർമാർ വിജയിപ്പിക്കും. സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ നാട്ടിൽ വരുത്തിയ മാറ്റം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിന് അകത്തും പുറത്തും അവതരിപ്പിച്ച സി. കെ ചന്ദ്രപ്പൻ ചെയ്ത സംഭാവനകൾ ചെറുതല്ല. സൗമ്യമായ പെരുമാറ്റവും സംസാരവുമെല്ലാം സി. കെ ചന്ദ്രപ്പനെ പ്രിയങ്കരനാക്കി. ഏറ്റെടുത്ത ചുമതലകളെല്ലാം കൃത്യമായി നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാർക്ക് അഭിമാനം ഉണ്ടാക്കിയ നിലപാടുകളാണ് ചന്ദ്രപ്പൻ ഉയർത്തികാട്ടിയത്. ഒരു മാതൃകാ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും കാനം പറഞ്ഞു. എസ്. പ്രകാശൻ അധ്യക്ഷനായി. എം. സി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു.