'പോരാളി ഷാജി' അക്കൗണ്ടിനെതിരെ പരാതിയുമായി ഇടതുമുന്നണി

'പോരാളി ഷാജി' സോഷ്യൽ മീഡിയാ അക്കൗണ്ടിനെതിരെ പരാതിയുമായി ഇടതുപക്ഷ മുന്നണി. പോരാളി ഷാജി എന്നു പേരുള്ള വ്യാജ അക്കൗണ്ടുകളിലൂടെ ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ അപവാദപ്രചാരണം നടക്കുകയാണെന്നാണ് എൽ.ഡി.എഫ് ജില്ലാ പൊലീസ് സൂപ്രണ്ടിന് സമർപ്പിച്ച പരാതിയിൽ പറയുന്നത്.

പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ. പി. വിശ്വംഭരപ്പണിക്കർ എന്നിവർ അറിയിച്ചു.പ്രചാരണം തരംതാഴ്ന്നതും സാമുദായിക സൗഹാർദം തകർക്കാൻ ബോധപൂർവ്വം നിർമ്മിച്ചതുമാണെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ പറയുന്നു.

പോരാളി ഷാജി അക്കൗണ്ടിനെതിരെ കോൺഗ്രസ് നേതാവ് വി.എം സുധീരനും രംഗത്ത് വന്നിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച്‌ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്‌ട്രറൽ ഓഫീസർക്കുമാണ് വി.എം സുധീരൻ പരാതി നൽകിയത്.

23-Mar-2021