വട്ടിയൂർക്കാവിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള ധാരണയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു
അഡ്മിൻ
വട്ടിയൂർക്കാവിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള ധാരണയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പ്രചാരണം സമ്പൂർണ്ണമായി മന്ദഗതിയിലായപ്പോൾ തന്നെ ഇക്കാര്യം പലരും ചൂണ്ടി കാണിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ പര്യടന വാർത്തകൾ പോലും മാധ്യമങ്ങൾക്ക് ലഭിക്കുന്നില്ല. അതിനിടെ ആണ് ശാസ്തമംഗലത്തെ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കാര്യാലയം ചർച്ചയാകുന്നത്. കഴിഞ്ഞ ഒട്ടേറെ കാലമായി കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ഓഫീസിന് മാത്രം വിട്ട് നൽകിയിരുന്ന സ്ഥലത്താണ് ഇപ്പോൾ ബിജെപിയുടെ ഹൈടെക്ക് തിരഞ്ഞെടുപ്പ് കാര്യാലയം പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ നേതാക്കൾ നിർദ്ദേശിച്ചതനുസരിച്ചാണ് ബിജെപിയ്ക്ക് സ്ഥലം വിട്ട് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ്സ് ഏതാണ്ട് പൂർണ്ണമായി രംഗം വിട്ടിരിക്കുന്നു. ബിജെപിയ്ക്ക് വോട്ട് മറിച്ച് പണമുണ്ടാക്കുക എന്നതാണ് നേതാക്കളുടെ ലക്‌ഷ്യം എന്ന് കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നു. അതിന് വഴങ്ങേണ്ടതില്ല എന്നും ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ടത്രെ, അവർ അടുത്ത ദിവസങ്ങളിൽ പേരൂർക്കടയിൽ യോഗം ചേർന്ന് നിലപാട് തീരുമാനിക്കും. അപ്പോഴും ഇടത് സ്ഥാനാർഥി പ്രചാരണം ശക്തമായി തുടരുന്നത് ബിജെപി ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത പ്രശാന്തിനുണ്ട് എന്നാതാണ് ബിജെപിയുടെ ആശങ്കയുടെ അടിസ്ഥാനം. സ്വന്തം പ്രവർത്തകർക്ക് പോലും പ്രശാന്തിനെക്കുറിച്ച് മോശം അഭിപ്രായം ഇല്ല. അതുകൊണ്ട് തന്നെ പ്രവർത്തകരുടെ യോഗങ്ങളിൽ പ്രശാന്തിനെതിരെ സംസാരിക്കരുത് എന്നാണ് നേതാക്കൾക്ക് നൽകിയിട്ടുള്ള സന്ദേശം, പകരം വിശ്വാസവും, മോഡിയുടെ പദ്ധതികളും വിഷയമാക്കാനാണ് ബിജെപി തീരുമാനം. ഏതായാലും കോൺഗ്രസ്സ് വോട്ടുകൾ ബിജെപി നേടുമോ അതോ സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ പ്രശാന്ത് മതിയെന്ന് തീരുമാനിക്കുമോ എന്നതാണ് വട്ടിയൂർക്കാവ് ഉറ്റുനോക്കുന്നത്.