കോൺഗ്രസ് വിടാൻ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു

കോൺഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നാണ് സുരേഷ് ബാബു പറഞ്ഞത്. 'കോൺഗ്രസ് വിടുന്നു എന്നത് സത്യമാണ്. കോൺഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല എന്ന നിലപാടാണ്. അത് കോൺഗ്രസിന്റെ ഒരുവശം മാത്രമാണ്. പക്ഷെ കോൺഗ്രസിനെക്കൊണ്ട് രാഷ്ട്രം ആഗ്രഹിക്കുന്ന നയങ്ങൾ പ്രായോഗികമാക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവും വന്നിരിക്കുന്നു.

രാജ്യം മതവിഭാഗീയതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിന് ശക്തമായി ചെറുക്കാൻ കഴിയുന്ന ഒരു പാർട്ടി കോൺഗ്രസ് ആയിരുന്നു. എന്നാൽ ദേശീയ തലത്തിൽ പോലും നേതൃത്വത്തിന് ആളില്ല. ഈ തിരിച്ചറിവുകളും പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരാൾ പോകാൻ തീരുമാനിക്കുമ്പോൾ അവരെ വിളിച്ച് ഒരു യാത്രയയപ്പ് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളത്. അല്ലാതെ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നേയില്ല. അത്തരം സമീപനം നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് പാർട്ടിയിൽ തുടരാൻ കഴിയില്ല. ഇന്ന് ഞാൻ നാളെ നീ എന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പി. സി ചാക്കോ കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് നേതാക്കൾ വിളിച്ചാൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം തീരുമാനിച്ചു.

23-Mar-2021