നിലമ്പൂരില്‍ യു.ഡി.എഫ് - ബി.ജെ.പി രഹസ്യധാരണ: പി.വി അൻവർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിൽ യു.ഡി.എഫ് ബി.ജെ.പി രഹസ്യധാരണയെന്ന്, എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ. ബി.ജെ.പി, ആർ എസ്.എസ് സംഘടനകളുടെയും, മറ്റ് വർഗ്ഗീയ കക്ഷികളുടെയും വോട്ട് എൽ.ഡി.എഫിന് ആവശ്യമില്ല, വർഗ്ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് തയ്യാറാകുമോ എന്നും പി.വി.അൻവർ നിലമ്പൂരിൽ പറഞ്ഞു.

തന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യമായതാണ്, നിലമ്പൂരിലെ ജനങ്ങൾക്ക് തന്നെയും, തനിക്ക് അവരെയും വിശ്വാസമുണ്ടെന്ന് അൻവർ പറഞ്ഞു.തന്നെ തോൽപ്പിക്കാൻ കോൺഗ്രസ് എന്തും ചെയ്യും എന്ന അവസ്ഥയിലാണുള്ളത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പാണ്. നിലമ്പൂരിൽ എൽ.ഡി.എഫിന്റെ വിജയം ഡമ്പിൾ ഉറപ്പ്.

കഴിഞ്ഞ 5 വർഷം നിലമ്പൂരിൽ എൽ.ഡി.എഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം മണ്ഡലത്തിന്റെ പല ഭാഗങ്ങളും അറിയില്ലെന്നതിന്റെ തെളിവാണ്. വർഗ്ഗീയ കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് യു.ഡി.എഫ് ലക്ഷ്യം, വർഗ്ഗീയ ഫാസിസത്തിനെതിരെ ചങ്കൂറ്റതോടെ പൊരുതാൻ എൽ.ഡി.എഫ് മുന്നിലുണ്ട്.

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നിന്നും നിരവധി കോൺഗ്രസുകാർ എൽ.ഡി.എഫിലേക്ക് എത്തി കൊണ്ടിരിക്കുന്നു, താമസിയാതെ രാഹുൽ ഗാന്ധിക്കു പോലും എൽ.ഡി.എഫ് നയങ്ങളെ പ്രശംസിക്കേണ്ടി വരും. വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങളിലും എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും പി വി അൻവർ പറഞ്ഞു.

23-Mar-2021