നാദാപുരത്തെ ‘മാപ്പിള സഖാക്കളെ’ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം
അഡ്മിൻ
നാദാപുരം പഞ്ചായത്തിലെ ചേലക്കാട് മേഖലയില്‍ മുസ്ലിം ലീഗില്‍ നിന്ന് രാജി വെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കുടുംബങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. ചേലക്കാട് മേഖലയിലെ ‘മാപ്പിള സഖാക്കളെ’ ഒറ്റപ്പെടുത്തണമെന്നാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന ആഹ്വാനമെന്നാണ് ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ബഷീര്‍, ഫൈസല്‍ എന്നിവര്‍ പറയുന്നത്.
മാര്‍ച്ച് 22നാണ് ചേലക്കാട്ടെ 17ഓളം വരുന്ന മുസ്ലിം കുടുംബങ്ങള്‍ സി.പി.ഐ.എമ്മിലേക്കെത്തുന്നത്. സി.പി.ഐ.എം നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സ്വീകരണം നല്‍കിയത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഈ കുടുംബങ്ങളെ ഒറ്റപ്പെടുത്തണമെന്നും, മുസ്ലിം ലീഗിന്റെ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന, പാര്‍ട്ടി വിട്ട ബഷീര്‍ എന്നയാളുടെ കോഴിക്കടയില്‍ നിന്ന് സാധനം വാങ്ങിക്കരുതെന്നുമുള്ള പ്രചാരണങ്ങളാണ് ലീഗ് പ്രദേശത്ത് നടത്തുന്നതെന്നാണ് പരാതി. പാചകക്കാരന് കൂടിയായ ബഷീറിനെ ജോലിക്ക് വിളിക്കരുതെന്നും പ്രചരിപ്പിക്കുന്നു.