രാജ്യസഭയിലെ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.ഐ.എം. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നോമിനേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ബാഹ്യ ഇടപെടലുകൾക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്രഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങൾ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016ൽ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങൾക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണയും മാർച്ച് 24ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഈമാസം 31ന് മൂന്ന് മണി വരെ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിങ് ഓഫിസർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഏപ്രിൽ 12ാന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് റിട്ടേണിങ് ഓഫിസർ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിർത്തിവെച്ച നടപടി ദുരൂഹമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ അതിൽ ഇടപെടാൻ പാടില്ലെന്ന് നിരവധി സുപ്രീംകോടിതി വിധികൾ നിലവിലുണ്ട്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിക്കണമെന്നും നിയമസഭയുടെയും, അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.