കോൺഗ്രസിന്റെ എൽ.ഡി.എഫ് വിരുദ്ധനിലപാട് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ: പ്രകാശ് കാരാട്ട്

കോൺഗ്രസ് എംഎൽഎമാരായി വിജയിച്ചവർ പിന്നീട് ബി.ജെ.പിയിലെത്തി സർക്കാർ രൂപീകരിച്ചു. ഇതേരീതി കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.ഐ .എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പറവൂരിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരുക്കുകയായിരുന്നു അദ്ദേഹം.

അസം, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രധാന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയായി. കേരളത്തിൽ കോൺഗ്രസിന്റെ എൽ.ഡി.എഫ് വിരുദ്ധ നിലപാട് ബി.ജെ.പിയെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം മൂന്നുമാസം പിന്നിട്ടു. കർഷകദ്രോഹ, തൊഴിലാളി വിരുദ്ധ നിലപാടുമായാണ് ബി.ജെ.പി കേന്ദ്രംഭരിക്കുന്നത്. കാർഷിക മേഖലയടക്കം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. നെടുമ്പാശേരി വിമാനത്താവളം, ബി.പി.സിഎൽ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്നു. ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിന് ശേഷിയില്ല.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം കേരളത്തിൽ നേടനായി. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിനെ ചെറുക്കാൻ കഴിയുമെന്ന് കരുതിയാണ് ആളുകൾ യു.ഡി.എഫിന് വോട്ട് ചെയ്തത്.പക്ഷേ പാർലമെന്റിലെത്തിയപ്പോൾ ബി.ജെ.പിക്ക് മുമ്പിൽ മുട്ടുമടക്കുന്ന കോൺഗ്രസിനെയാണ് കണ്ടത്.

എന്നാൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് കേരളം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രഏജൻസികളെ കൊണ്ടുവന്ന് സർക്കാരിനെ തകർക്കാമെന്ന് കരുതിയെങ്കിലും വിജയിച്ചില്ല. ഇതിനെല്ലാം ഏപ്രിൽ ആറിന് ജനം മറുപടി നൽകുമെന്നും കേരളത്തിൽ ഇടതുസർക്കാരിന് തുടർച്ചയുണ്ടാകുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

25-Mar-2021