ഇല്ലാതാകുമോ രാജ്യത്ത് ജാതി സംവരണം
അഡ്മിൻ
രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മാത്രമേ നിലനിൽക്കുകയുള്ളുയെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മറാഠ സംവരണ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അഭിഭാഷകൻ ശ്രീറാം പിംഗ്ളെ വാദിച്ചു.
ഇന്ദിര സാഹ്നി വിധിയുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിച്ചിരുന്ന ഘടകം ജാതി ആയിരുന്നു. ഇതു ഘട്ടംഘട്ടമായി മാറ്റേണ്ടതാണെന്നും അഭിഭാഷകൻ വാദിച്ചു.ഇതിനു മറുപടിയായാണ് ജാതി സംവരണം മാറി സാന്പത്തിക സംവരണം മാത്രമാകുമെന്നു കോടതി നിരീക്ഷണം നടത്തിയത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഇന്ദിര സാഹ്നി കേസിൻറെ അടിസ്ഥാനത്തിലാണ് കോടതി മറാഠ സംവരണ വിഷയത്തിൽ വാദം കേട്ടത്. ഇക്കാര്യത്തിൽ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെൻറാണ്. സംവരണവുമായി ബന്ധപ്പെട്ടവ സർക്കാരിൻറെ നയപരമായ കാര്യമാണെന്നും ജസ്റ്റീസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.സംവരണ പരിധി 50 ശതമാനം കടക്കാമെന്നും ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കാമെന്നും ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ കേരളം നിലപാട് അറിയിച്ചിരുന്നു. പത്ത് ദിവസത്തെ വാദത്തിനു ശേഷം ഇന്നലെ കേസിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാനായി മാറ്റി.
27-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More