തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുതെന്നാണോ: മന്ത്രി കെ.കെ ശൈലജ
അഡ്മിൻ
കൊവിഡ്-19 വാക്‌സിൻ വിതരണത്തിൻ്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് പ്രകടമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊവിഡ് കേസുകൾ ഉള്ളത് കൊണ്ട് പ്രചാരണം നിർത്തിവെക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ചു. സർക്കാരിൻ്റെ അരി വിതരണത്തെ തടയാൻ കോടതിയിൽ പോയ പ്രതിപക്ഷ നേതാവിൻ്റെ നടപടി ജനങ്ങളോടുള്ള അപരാധമാണെന്നും തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുതെന്ന് പറയുന്ന പോലെയാണ് പ്രതിപക്ഷ നേതാവിൻ്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 45 വയസ്സിലധികം പ്രായമുള്ള എല്ലാവര്‍ക്കും നാളെ മുതൽ കൊവിഡ്- 19 പ്രതിരോധ വാക്സിൻ ലഭിച്ചു തുടങ്ങും. കൊവിൻ പോര്‍ട്ടലിൽ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വാക്സിൻ നല്‍കുക. പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്കു വീതം വാക്സിൻ നല്‍കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിൻ നല്‍കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ 28,05,857 പേര്‍ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നാണ് കണക്ക്. നാലു ലക്ഷത്തോളം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.