ഇഡിക്കെതിരെ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേരളത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി നല്‍കിയ ഹര്‍ജി അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സ്വര്‍ണകടത്ത് പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാരോപിച്ചാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് കേസ്. ഗൂഢാലോചന നടത്തിയതിനും അന്വേണഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് കേസെടുക്കുന്നത് അപൂര്‍വമായാണ്.

31-Mar-2021