കാര്‍ഷിക നിയമം: സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അഡ്മിൻ
കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച് 19നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കഴിഞ്ഞ ജനുവരിയിലാണ് മൂന്നംഗസമിതിയെ നിയോഗിച്ചത്.
കമീഷന് ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് മുന്‍ ചെയര്മാന് അശോക് ഗുലാത്തി, അഗ്രികള്‍ച്ചര്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, മഹാരാഷ്ട്രയിലെ ഷേത്കാരി സംഗതാന്‍ സംഘടന അധ്യക്ഷന്‍ അനില്‍ ഖന്‍വാത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ജനുവരിയിലാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കര്‍ഷകരും കേന്ദ്ര സര്‍ക്കാറും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. നവംബര്‍ 26ന് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ആരംഭിച്ച സമരം നാല് മാസം പിന്നിട്ടിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരമുഖത്ത് നിന്ന് പിന്മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.