പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പര്യടനവും വിവാദമാക്കി പിആർ ഏജൻസികളുടെ നാടകം

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രാത്രി വൈകിയതിനെ തുടർന്നു റദ്ദാക്കുകയും പകരം തിയതി പ്രഖ്യാപിക്കുകയും ചെയ്ത തെരഞ്ഞെടുപ്പു പര്യടനത്തെ വിവാദമാക്കി പിആർ ഏജൻസികളുടെ നാടകം. നേമം മണ്ഡലത്തിലെ കോൺഗ്രസ് പ്രചാരണ ചുമതലയുള്ള പിആർ ഏജൻസിയുടെ തിരക്കഥയെ തുടർന്നു പ്രിയങ്കയുടെ റദ്ദാക്കിയ പരിപാടിയുടെ പുതുക്കിയ തിയതി പ്രഖ്യാപനം വിവാദമാക്കിയാണ് പുറത്തുവിട്ടത്.

ചൊവ്വാഴ്ച നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളോടൊപ്പം പൂജപ്പുരയില്‍ നിന്നും വൈകുന്നേരം നാലിന് പ്രിയങ്ക റോഡ് ഷോ നടത്താനാണ് മുൻ നിശ്ചയപ്രകാരം തീരുമാനിച്ചിരുന്നത്. വെഞ്ഞാറമൂട്, കാട്ടക്കട മണ്ഡലങ്ങളിലെ പ്രചാരണശേഷം വൈകി രാത്രി ഒൻപതു മണിയോടെ അവർ പൂജപ്പുരയിൽ എത്തിയെങ്കിലും മുൻ തീരുമാനപ്രകാരം പ്രവർത്തകരെ എത്തിക്കാൻ പാർട്ടി നേതൃത്വത്തിനായില്ല.

തുടർന്നു റോഡ്ഷോ മാറ്റിവെച്ചു. പകരം ഏപ്രിൽ മൂന്നിനു എത്താമെന്നും ഇരു സ്ഥാനാർത്ഥികളോടൊപ്പം റോഡ്ഷോയിൽ പങ്കെടുക്കുമെന്നും പ്രിയങ്കയുടെ ഓഫീസ് വൃത്തങ്ങൾ കെപിസിസിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ പ്രചാരണ ആയുധമാക്കാൻ സസ്പെൻസ് നിറച്ചുള്ള കഥയാണ് പിആർ ഏജൻസി പ്രചരിപ്പിച്ചത്.

‘പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താത്തതിൽ നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ അതൃപ്തി അറിയിച്ചതിനെ തുടർന്നു ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി‘യെന്നുമാണ് പി ആർ ഏജൻസികൾ പുറത്തുവിട്ടത്. തുടർന്നു കോൺഗ്രസ് പ്രവർത്തകരുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ മുരളീധരന്റെ സമ്മർദ്ദത്തിനു വഴങ്ങി പ്രിയങ്ക വീണ്ടും എത്തുമെന്നും വൻ പ്രവർത്തക പങ്കാളിത്തം ഉണ്ടാകണമെന്നുമുള്ള അറിയിപ്പും പിആർ ഏജൻസികൾ നൽകിക്കഴിഞ്ഞു.

01-Apr-2021