രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ ഇരട്ട സഹോദരങ്ങളും
അഡ്മിൻ
സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ എന്ന പേരിൽ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിൽ ഗുരുതര പിഴവെന്ന് ആരോപണം. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ വോട്ടുകൾ ഇരട്ട വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. അമൽ ഘോഷ് എസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് തെളിവുകൾ ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.
എറണാകുളത്തെ കോതമംഗലം നിയോജകമണ്ഡലത്തിലുള്ള അക്ഷയ്, അഭിഷേക് എന്നീ ഇരട്ടസഹോദരങ്ങളെയാണ് ഓപ്പറേഷൻ ട്വിൻസ് ഇരട്ടവോട്ടായി കണക്കാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പട്ടികയിലെ അവസാന പേജിൽ 1712,1713 ക്രമനമ്പറുകളിലാണ് പിഴവ് കടന്നുകൂടിയിരിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34ഉം 35ഉമാണ് യഥാക്രമം അക്ഷയും അഭിഷേകും. ഇത് രണ്ടും ഒരു വോട്ട് ആണെന്നും രണ്ട് വോട്ടായി രേഖപ്പെടുത്തിയിരിക്കുന്നത് ഇരട്ട വോട്ട് ആണെന്നുമാണ് പട്ടികയിൽ ഉള്ളത്. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇരുവരുടെയും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് ഫേസ്ബുക്ക് കുറിപ്പ്.
അമൽ ഘോഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
രമേശ് ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക. വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. എൻ്റെ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം. ഓപ്പറേഷൻ twins എന്ന പേരിൽ ഇന്ന് രാത്രി 9 മണിക്ക് ശ്രീ രമേശ് ചെന്നിത്തല https://operationtwins.com/ എന്ന വെബ്സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട്. 434000 കള്ളവോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.
അതിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34 അക്ഷയ്, 35 അഭിഷേക് എന്നിങ്ങനെ എൻ്റെ ഇരട്ട സഹോദരങ്ങളുടെ വോട്ട് കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് https://operationtwins.com/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്. വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം https://operationtwins.com/ എന്ന സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.