എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവ്: തോമസ്‌ ഐസക്

അഞ്ച് വർഷം മുമ്പ് എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. അതേ ഖജനാവില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരത്തില്‍പ്പരം കോടി രൂപയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നതെന്ന് തോമസ് ഐസക് കുറിപ്പിൽ പറയുന്നു. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും ധനമന്ത്രി വ്യക്തമാക്കി.

01-Apr-2021