രമേശ് ചെന്നിത്തലയ്ക്ക് നേരെ തിരിച്ചടിച്ച് വിദേശ സെര്‍വര്‍ ആരോപണം
അഡ്മിൻ
താന്‍ പുറത്തുവിട്ട ഇരട്ട വോട്ട് ആരോപണത്തിന് തെളിവായി വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ്സൈറ്റ് വഴി പുറത്തു വിട്ട രമേശ് ചെന്നിത്തലയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി സി.പി.ഐ.എം. രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇത് ഗുരുതരമായ നിയമപ്രശ്നമാണെന്നുമാണ് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞത്.
ചെന്നിത്തല പുറത്തുവിട്ട രണ്ടര ലക്ഷത്തോളം പേരുടെ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ഓപ്പറേഷൻ ട്വിൻസ് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലെ ഒരു സെര്‍വറിലാണെന്നാണ് ആരോപണം. ഈ നടപടി ഗുരുതരമായ നിയമപ്രശ്നമാണെന്ന് എംഎ ബേബി വ്യക്തമാക്കി.
ഇത്രയും ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാൻ ഇവരുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും രാജ്യത്തിനു പുറത്തേയ്ക്ക് ഡേറ്റ കൈമാറാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ചോദിച്ച് ജതിൻ ദാസ് എന്ന എഫ് ബി യൂസറും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ സ്പ്രിംഗ്ലര്‍ വിവാദകാലത്ത് വിദേശ സെര്‍വറിൽ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ മാറ്റുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്. കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ യുഎസ് സെര്‍വറിലേയ്ക്ക് മാറ്റുന്നുവെന്നായിരുന്നു അന്ന് യുഡിഎഫ് ഉയര്‍ത്തിയ വിവാദം. ഇതേ വിവാദമാണ് ഇന്ന് പ്രതിപക്ഷ നേതാവിന് തിരിച്ചടിയാകുന്നത്.