ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോൽക്കില്ല: കോടിയേരി
അഡ്മിൻ
നുണബോംബ് കാട്ടി ഞങ്ങളെ പേടിക്കേണ്ടെന്നും ബോംബല്ല, ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോൽകാൻ പോവുന്നില്ലെന്നും സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര് നടത്തിയാലും ചോദ്യം ചെയ്യും. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കോടിയേരിയുടെ പ്രതികരണം.
കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയക്കളിയെയും നിയമവിരുദ്ധ പ്രവർത്തനത്തെയും എങ്ങനെ നേരിടണമെന്ന സന്ദേശമാണ് പിണറായി സർക്കാർ രാജ്യത്തിന് നൽകുന്നത്. ഇതിൽ വിറളിപിടിച്ചാണ് സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള കുതന്ത്രം മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചതെന്നും കോടിയേരി ചോദിച്ചു. തന്റെ ഭാര്യയ്ക്ക് ഐ ഫോൺ ലഭിച്ചെന്നത് തന്നെ കെട്ടുകഥയാണ്. അങ്ങനയൊരു ഫോൺ ഭാര്യക്ക് ലഭിച്ചിട്ടില്ല. ഇലക്ഷൻ കഴിയുന്നത് വരെ ഓരോ പ്രചരണങ്ങൾ ബോധപൂർവം നടത്തുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.