കര്‍ഷക സമരം: പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച. ഇതിന്റെ ഭാഗമായി രണ്ടു മാസത്തെ പ്രക്ഷോഭ പരിപാടികള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു. ഏപ്രില്‍ 10ന് കുണ്ഡ്‌ലി -മനേസര്‍ -പല്‍വാല്‍ അതിവേഗ പാത 24 മണിക്കൂര്‍ ഉപരോധിക്കും. പുറമേ മേയില്‍ പാലര്‍മെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യും.

തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് രാജ്യത്തെ എഫ്.സി.ഐ ഓഫിസുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഏപ്രില്‍ അഞ്ച് ‘എഫ്.സി.ഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ബച്ചവോ ദിവസ്’ ആയി ആചരിക്കും. കര്‍ഷകര്‍ക്ക് പുറമേ പാര്‍ലമെന്റ് മാര്‍ച്ചില്‍ സ്ത്രീകള്‍, തൊഴില്‍ രഹിതര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പിന്തുണ അറിയിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.


ഏപ്രില്‍ 13ന് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 14ന് ഭരണഘടന ശില്‍പ്പി അംബേദ്കറിന്റെ ജന്മദിനത്തില്‍ സംവിധാന്‍ ബച്ചാവോ ദിവസ് (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കര്‍ഷക സംഘടന അറിയിച്ചു.

02-Apr-2021