പ്രതിപക്ഷ നേതാവ് കെഎസ്ഇബിയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ്: മുഖ്യമന്ത്രി

അദാനി-കെഎസ്ഇബി കരാറില്‍ വന്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങൾ ഇനിയും ധാരളം വരുമെന്നും അദാനിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് കൊണ്ടുവന്നത് അടുത്ത ബോംബായിരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതും ചീറ്റിപ്പോയെന്ന് പറഞ്ഞ പിണറായി വൈദ്യുതി കരാറുകൾ എല്ലാം കെ എസ് ഇ ബിയുടെ വെബ്‌സൈറ്റിൽ ഉണ്ടെന്നും വൈദ്യുതി മേഖലയുടെ മുന്നേറ്റം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന് എന്തു വളിച്ചു പറയാനും മടിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം വൈദ്യുതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത അഞ്ചു വര്‍ഷമാണ് കടന്നു പോയത്. പ്രതികപക്ഷ നേതാവ് കെഎസ്ഇബിയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരട്ട വോട്ട് വിഷയത്തിലും പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമുയർത്തി. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനുണ്ടായ സ്വീകാര്യത സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. നുണപ്രചാരണങ്ങള്‍ക്ക് ജനം മറുപടി നല്‍കും. സര്‍ക്കാറിനെതിരെ അനാവശ്യ ആരോപണങ്ങളുയരുമ്പോള്‍ പ്രതിരോധക്കോട്ടയായി മാറുന്നത് ജനങ്ങളാണ്- പിണറായി ചൂണ്ടിക്കാട്ടി.

‘ കേരളം കള്ളവോട്ടിന്റെ നാടാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കേരളത്തില്‍ അത് പ്രായോഗികമാകില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

02-Apr-2021