കോലീബി സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസ്സ്: മുഖ്യമന്ത്രി
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വപ്നം കാണാൻ പറ്റാത്ത തിരിച്ചടി കേരളത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഖ്യങ്ങൾക്ക് അറബിക്കടലിലാണ് സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയെങ്കിൽ സംഘപരിവാറിന് കേരളം സ്വപ്നം കാണാത്ത തിരിച്ചടി നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു.
ഒരു തരത്തിലുള്ള വർഗീയതയും കേരളത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസ്സ് ഒന്നുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇരട്ടവോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു.
നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരേ പേരുള്ളവര്‍, പേരിൽ സാമ്യമുള്ള ഇരട്ടകള്‍ എന്നിവരുടെ വോട്ടുകൾ എല്ലാം കള്ളവോട്ടായി ചെന്നിത്തല കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.