ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ കേരളം നേരിടുന്ന ഗുരുതര മാലിന്യപ്രശ്‌നം: മന്ത്രി തോമസ് ഐസക്
അഡ്മിൻ
സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. കെഎസ്ഇബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ധനമന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാര്‍ഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാക്കണോയെന്നും ഐസക് ചോദിച്ചു.
ഒരു ദിവസം പോയിട്ട്, ഒരു മണിക്കൂര്‍ പോലും നിലനില്‍ക്കാത്ത നുണകളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വിളിച്ചു പറയുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങള്‍. നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാര്‍ഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാകണോ?
അദ്ദേഹം പറയുന്ന നുണയുടെ ഒരു സാംപിള്‍ ഇതാ. ഇന്നത്തെ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതിങ്ങനെ.
'കെഎസ്ഇബി ഫെബ്രുവരി 15 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സില്‍ അജന്‍ഡ 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്'.
ഈ മിനിട്‌സ് കെഎസ്ഇബിയുടെ സൈറ്റില്‍ ആര്‍ക്കും ലഭ്യമാണ്. അതില്‍ അജണ്ട 47.2.2021 എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കൂ.
'Resolved to authorize the Deptuy Chief Engineer (Commercial and Planning) with full powers of CE to issue Letter of Award to the successful bidders, namely GMR Energy Trading Ltd. (GMRETL), Adani Enterprises Ltd. (AEL) and PTC India Ltd. (PTC) as per Table 1, Table 2 and Table 3 attached clearly mentioning that the same is subject to the approval of KSERC'.
ഈ അജണ്ട പ്രകാരം ലേലം കൊണ്ടവര്‍ക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയാണ് ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് ചെയ്തത്. ആരൊക്കെയാണ് ലേലം കൊണ്ടത്? ജിഎംആര്‍ എനര്‍ജി ട്രേഡിംഗ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ്, പിടിസി ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍.
ഇതില്‍ നിന്ന് എന്തു മനസിലാക്കാം? ഏപ്രില്‍ മെയ് മാസങ്ങളിലെ അടിയന്തരാവശ്യം നേരിടാന്‍ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി തീരുമാനിച്ചു. നേരെ അദാനിയുടെ കടയില്‍ ചെന്ന് നിന്ന് വൈദ്യുതി പൊതിഞ്ഞു വാങ്ങി പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവരികയല്ല ചെയ്തത്. അതിന് DEEP എന്ന പോര്‍ട്ടല്‍ വഴി ലേലം വിളിച്ചു. വൈദ്യുതി വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനമാണ് ഈ പോര്‍ട്ടല്‍. അതുവഴിയേ ടെന്‍ഡര്‍ ക്ഷണിക്കാന്‍ പറ്റൂ.
ആ ടെന്‍ഡറില്‍ ഏറ്റവും കുറച്ച് ക്വാട്ട് ചെയ്തത് ജിഎംആര്‍ എനര്‍ജി ട്രേഡിംഗ് ലിമിറ്റഡ്. രണ്ടാംസ്ഥാനത്ത് അദാനി എന്റര്‍പ്രൈസസ്, മൂന്നാം സ്ഥാനത്ത് പിടിസി ഇന്ത്യാ ലിമിറ്റഡ്. അവര്‍ക്കു മൂന്നുപേര്‍ക്കും ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കാന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രാജ്യത്തിന് നിലവിലുള്ള നിയമവും കീഴ് വഴക്കങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചു തന്നെയാണ് ഇതൊക്കെ ചെയ്തത്.
ഇത് കെഎസ്ഇബി എല്ലാവര്‍ഷവും ചെയ്യുന്നതാണ്. എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് വൈദ്യുതിയുടെ കുറവ് ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ വൈദ്യുതി ഇങ്ങനെ തന്നെയാണ് വാങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ സജ്ജീകരിച്ച പോര്‍ട്ടലില്‍ ടെന്‍ഡര്‍ വിളിക്കും. കുറഞ്ഞ തുക ക്വോട്ടു ചെയ്യുന്നവരില്‍ നിന്ന് വൈദ്യുതി വാങ്ങും. അത്രയേ ഇപ്പോഴും നടന്നിട്ടുള്ളൂ. അതില്‍ നിന്നൊരു വിവാദമുണ്ടാക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.
ഇക്കൊല്ലം 100 മെഗാവാട്ട് വൈദ്യുതി വീതം പീക്ക് ടൈമിലും പകല്‍ സമയത്തേയ്ക്കും വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചു. ടെന്‍ഡറില്‍ പങ്കെടുത്തവരില്‍ ഏറ്റവും തുക ക്വാട്ട് ചെയ്തവര്‍ക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി. ആ പട്ടികയില്‍ നിന്ന് അദാനിയുടെ പേരു മാത്രം ചൂണ്ടിയെടുത്ത് നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രതിദിനം പടച്ചു വിടുകയാണ് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പു പ്രമാണിച്ച് അദ്ദേഹത്തിന്റെ നുണ നിര്‍മ്മാണ ഫാക്ടറി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട്.
ഒരു ദിവസം പോയിട്ട്, ഒരു മണിക്കൂര്‍ പോലും നിലനില്‍ക്കാത്ത നുണകളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വിളിച്ചു പറയുന്നത്. അദാനിയ്ക്ക് 1000 കോടി കിട്ടുമെന്നും 8850 കോടിയുടെ കച്ചവടം എന്നുമൊക്കെ ഇന്നലെ അദ്ദേഹം തട്ടിവിടുന്നുണ്ടായിരുന്നു. ഏതായാലും ഇന്നത്തെ പത്രസമ്മേളനത്തില്‍ അതൊക്കെ വിഴുങ്ങിയിട്ടുണ്ട്.
അദാനിയും കെഎസ്ഇബിയും തമ്മില്‍ എന്തോ കരാറുണ്ടാക്കിയെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അങ്ങനെയൊരു കരാറേയില്ല എന്ന് വൈദ്യുതി മന്ത്രി മിനിട്ടുകള്‍ക്കകം തിരിച്ചടിച്ചു. ഇന്നദ്ദേഹം ഉരുണ്ടുകളിക്കുന്നതു നോക്കൂ. 'കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല പോലും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നല്ലല്ലോ പ്രതിപക്ഷ നേതാവേ മണിയാശാന്‍ പറഞ്ഞത്. കരാറേയില്ലെന്നല്ലേ. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും കെഎസ്ഇബിയും തമ്മിലാണ് കരാര്‍. ഇന്നലെ ഉത്തരവാദിത്തമുള്ളവരെല്ലാം ഔദ്യോഗികമായി അക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീര്‍ഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കല്‍പ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവര്‍ത്തനം കേരളം സഹിക്കേണ്ടി വരും.
03-Apr-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ