യു.ഡി.എഫിന്റെ അധികാരദുർവിനിയോഗത്തിന്റെ നാളുകൾ ഇവിടത്തെ ജനങ്ങൾ മറന്നിട്ടില്ല: കാനം രാജേന്ദ്രൻ
അഡ്മിൻ
യുഡിഎഫ് അധികാരത്തിൽ ഉണ്ടായിരുന്ന കാലത്തെ വിദ്യാഭ്യാസ കച്ചവടത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാളുകൾ ജനം മറന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നെടുമങ്ങാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജി ആർ അനിലിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം വട്ടപ്പാറ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരദുർവിനിയോഗത്തിന്റെ ആ നാളുകൾ ഇവിടത്തെ ജനങ്ങൾ മറന്നിട്ടില്ല. പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയതാണ്. എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയെ നാശത്തിൽ നിന്ന് കൈപിടിച്ചുയർത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ എൽഡിഎഫ് ഗവൺമെന്റ് എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സർവ മേഖലകളിലും വികസനം എത്തിക്കുവാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പല പൊതുമേഖലാ സ്ഥാപനങ്ങളും കുത്തക മുതലാളിമാർക്ക് തീറെഴുതിക്കഴിഞ്ഞു. ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന എല്ലാ സബ്സിഡികളും നിർത്തലാക്കി. തികച്ചും ജനദ്രോഹ നയങ്ങളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. അതിനെതിരെ ഒരു ബദൽ ഉള്ളത് ഈ കൊച്ചു കേരളത്തിൽ മാത്രമാണ്.
ഈ തെരഞ്ഞെടുപ്പിൽ ആ ഇടതു ബദൽ വിജയിക്കണം എന്നാണ് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.