ഞാന്‍ വിജയേട്ടാ എന്നാണ് മുഖ്യമന്ത്രിയെ വിളിക്കാറുള്ളത്: മന്ത്രി എ.കെ ബാലന്‍

മുഖ്യമന്ത്രി പിണറായിയെ താന്‍ സാധാരണ വിജയേട്ടാ എന്നാണ് വിളിക്കുകയെന്ന് മന്ത്രി എ കെ ബാലന്‍. പിണറായിയെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഖാവ് എന്നോ ക്യാപ്റ്റന്‍ എന്നോ കമാൻഡര്‍ എന്നോ ലീഡര്‍ എന്നോ എന്തെങ്കിലും വിളിച്ചോട്ടെ. ഇതൊക്കെയാണോ ഇപ്പോള്‍ വിവാദമാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

സ്‌നേഹംകൊണ്ട് അദ്ദേഹത്തെ പലരും പലതും വിളിക്കും. താന്‍ വിജയേട്ടാ എന്നാണ് വിളിക്കാറുള്ളതെന്നും പലരും അങ്ങനെ വിളിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ വിവാദവും തീര്‍ന്നപ്പോള്‍ ഇതൊക്കെ ഉയര്‍ത്തികൊണ്ടുവരികയാണ്. അതാണോ ഇപ്പോഴുള്ള പ്രശ്‌നം. എ കെ ബാലന്‍ എന്നാണല്ലോ എന്റെ പേര്. എന്നെ ബാലേട്ടാ എന്നല്ലെ നിങ്ങളൊക്കെ വിളിക്കാറുള്ളത്. നിങ്ങള്‍ എന്നേക്കാള്‍ വയസ് കുറവുള്ളവരാണ്. എൻ്റെ അച്ഛൻ്റെ വയസുള്ളവര്‍ എന്നെ ബാലേട്ടാ എന്നു വിളിക്കാറുണ്ട്.

വീട്ടില്‍ നന്നായിട്ട് സ്‌നേഹം കൂടിയാല്‍ ഭാര്യയും മക്കളുമൊക്കെ എന്തൊക്കെ രൂപത്തില്‍ വിളിക്കാറുണ്ടെന്നും ബാലന്‍ ചോദിച്ചു. ക്യാപ്റ്റന്‍ വിവാദം പ്രതിപക്ഷത്തിൻ്റെ ഗതികേടാണ് തെളിയിക്കുന്നത്. ബാലിശമായ ചോദ്യമാണിതെന്നും അതൊന്നും ഗൗരവമുള്ള കാര്യമല്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

04-Apr-2021