വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറില്‍ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. ഇന്ന് വൈകിട്ട് 7 മണി മുതല്‍ പോളിംഗ് ദിവസം ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി വരെയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2021 മാര്‍ച്ച് 26-ാം തീയതിയിലെ ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 491/മീഡിയ പോളിസി/2021- നമ്പര്‍ കമ്മ്യൂണിക്കേഷന്‍ വഴി മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശം അനുസരിച്ച് നിരോധിച്ചിരിക്കുന്ന കാലയളവില്‍ ഏതെങ്കിലും രൂപത്തിലോ, രീതിയിലോ ഉള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജ്യോതിഷികള്‍, കാര്‍ഡിലൂടെ ഭാവി പറയുന്നവര്‍, രാഷ്ട്രീയ വിശകലനം ചെയ്യുന്നവരോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളോ പ്രവചിക്കുന്നത് 126എ വകുപ്പിന്റെ അന്തസത്തക്കു വിരുദ്ധമാണ്. നിശബ്ദ കാലയളവില്‍ ഏതെങ്കിലും മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന, രാഷ്ട്രീയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള പരിപാടികള്‍ 1951ലെ ജനപ്രാധിനിധ്യ അക്റ്റിലെ 126-ാം വകുപ്പിന്റെ ലംഘനമാണ്.