തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. 69 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്തും. ഭാര്യ ശ്രീലത, മക്കള്‍- ശ്രീകാന്ത് ചന്ദ്രന്‍, പാര്‍വ്വതി ചന്ദ്രന്‍. ധാരാളം നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്തിട്ടുമുണ്ട്. 1989ല്‍ പാവം ഉസ്മാന്‍ എന്ന നാടകത്തിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി.

1991ല്‍ മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാള സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അഗ്‌നി ദേവന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. അഗ്‌നി ദേവനില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍,മാനസം, പുനരധിവാസം, പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകള്‍ക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. 50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. മമ്മൂട്ടി ചിത്രം വണ്ണാണ് അവസാനമായി അഭിനയിച്ച ചിത്രം.

05-Apr-2021