ലീഗ് പ്രവർത്തകർ അക്രമിച്ച ഓഫീസുകളും വീടുകളും സന്ദർശിച്ച് സി.പി.ഐ.എം നേതാക്കള്‍

കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായ പെരിങ്ങത്തൂര്‍ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, പി. ഹരീന്ദ്രൻ, കെ.പി മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ലീഗുക്കാർ അക്രമിച്ച ഓഫീസുകളും വീടുകളും സന്ദർശിക്കാനെത്തിയത്.

സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം. വി ജയരാജന്‍ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തകന്‍ മന്‍സൂറിന്‍റെ വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവർത്തകർകരെ കസ്റ്റഡിയിലെടുത്തു.

ലീഗിന്‍റെ ക്രമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവർത്തകരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സി.പി.ഐ.എം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാദാപുരം മാതൃകയിൽ കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചിരുന്നു. മൻസൂറിന്‍റെ വീട്ടിലെക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു.

08-Apr-2021