കവി മുരുകൻ കാട്ടാക്കടയ്‌ക്കെതിരെ വധഭീഷണി; പരാതി നൽകി

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്‌ക്കെതിരെ വധഭീഷണി. ഇന്നലെ മുതൽ ഒരാൾ തുടർച്ചയായി ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് വധഭീഷണി മുഴക്കിയത്.

കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകൻ കാട്ടാക്കട അറിയിച്ചു. മുരുകൻ കാട്ടാക്കട എഴുതിയ 'മനുഷ്യനാകണം' എന്ന ഗാനം എൽ.ഡി.എഫ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് വേദികളിൽ ഉപയോഗിച്ചിരുന്നു. 'ജ് നല്ല മനുശനാകാൻ നോക്ക്' എന്ന നാടകത്തിന്റെ രചയിതാവ് ഇ.കെ.അയമു വിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഇതുമായി ബന്ധപ്പെട്ടാണ് വധ ഭീഷണി ഉയർന്നിരിക്കുന്നത്.

ഇയാൾ അസഭ്യം പറഞ്ഞതായും കവിയുടെ പരാതിയിലുണ്ട്. ഇതേ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ മുരുകൻ കാട്ടാക്കട പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ നിന്നാണ് ഫോൺ വിളി എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വധഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ഉന്നതമായ മനുഷ്യസ്നേഹം മുന്നോട്ട് വെച്ച് ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് സംഘം വ്യക്തമാക്കി.

കവിക്ക് നേരെ നടന്ന വധഭീഷണിയിൽ കേരള മെമ്പാടും സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പു.ക.സ. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ. ഉൾപ്പടെയുള്ള സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

08-Apr-2021