സംസ്ഥാനത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ പരീക്ഷകൾ ഇന്ന് ആരംഭിക്കും. 389 പരീക്ഷാകേന്ദ്രത്തിലായി 28,565 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

17,104 ആൺകുട്ടികളും 11,461 പെൺകുട്ടികളും പരീക്ഷയെഴുതും. പ്രൈവറ്റ് വിഭാഗത്തിൽ 59 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26 ന്‌ പരീക്ഷ അവസാനിക്കും. അതേസമയം, എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷയ്ക്കു മുൻപുള്ള ‘കൂൾ ഓഫ് ടൈം’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു അറിയിച്ചു.

വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.

09-Apr-2021