താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ
അഡ്മിൻ
താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും കുടുംബം തകർന്നുപോയെന്നുമുള്ള പ്രചാരണം തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം.
വീഡിയോയുടെ പൂർണരൂപം:
'ഞാൻ ഇവിടെ ഉണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തി. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. എന്റെ കുടുംബം തകർന്നുപോയി. തുടങ്ങിയ ദിവാസ്വപ്‌നങ്ങൾ പ്രചരിപ്പിക്കുന്ന ഒരു നികൃഷ്ട ജീവി നവമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. കുറെയാളുകൾ അത് ഏറ്റുപിടിച്ചു. പാവപ്പെട്ട ചിലർ ഇത് വിശ്വസിച്ചിട്ടുണ്ടാകാം. ഒരു ആത്മഹത്യയുടെയും മുന്നിൽ അഭയം പ്രാപിക്കുന്ന ഒരാൾ അല്ല ഞാൻ. അത്രയും ഭീരുവുമല്ല. ഏത് അന്വേഷണ ഏജൻസിയുടെ മുന്നിലും വിവരങ്ങൾ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.
നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചട്ടപ്രകാരം അവർ വിവരം ചോദിച്ചാൽ നൽകുന്നതിന് ഒരു തടസവുമില്ല. രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോട് കൂടി , എന്റെ മരണം പോലും ആഗ്രഹിക്കുന്ന ചിലർ പ്രചാരണം നടത്തുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് ഞാൻ ഇതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് പറയുന്നു. നിങ്ങൾ അതിൽ പരാജയപ്പെടും. പ്രസ്ഥാനത്തിന്റെ കരുത്തിലാണ് നിൽക്കുന്നത്. പത്തുവയസിൽ പ്രസ്ഥാനത്തിന്റെ ഭാഗമായ ആളാണ് ഞാൻ.
40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ കഠിനവും ചീത്തയുമായി നിരവധി അനുഭവങ്ങളിലൂടെയാണ് കടന്നുവന്നത്. അതുകൊണ്ട് ഇത്തരം പ്രചാരണങ്ങളിൽ തലകുനിച്ച് നിൽക്കുകയില്ല. നിങ്ങൾ ഇത് വിശ്വസിക്കേണ്ടതില്ല. എല്ലാം ശുദ്ധ കളവാണ്.''എനിക്ക് അൽപ്പം പനി പിടിച്ചിട്ടുണ്ട്. അത് സത്യമാണ്. പനി പിടിച്ച് പകൽ വിശ്രമത്തിലായിരുന്നു. വൈകുന്നേരമാണ് വാർത്ത പ്രചരിക്കുന്നത്് അറിഞ്ഞത്. ഇത്തരം കള്ളപ്രചാരണങ്ങൾ തളളിക്കളയുക. ഇങ്ങനെ അധമ മാധ്യമപ്രവർത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളം തീരുമാനിക്കട്ടെ എന്ന് ആവശ്യപ്പെടുന്നു.'-