കാൽ നൂറ്റാണ്ടിനിടയിലെ ചരിത്രനേട്ടം കുറിച്ച് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
അഡ്മിൻ
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിൽ കാൽ നുറ്റാണ്ടിനിടയിലെ ചരിത്ര നേട്ടം. പദ്ധതി തുകയുടെ 95.31 ശതമാനം ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ബജറ്റ് വിഹിതമായി അനുവദിച്ച 7276.66 കോടിയിൽ മാർച്ച് 31 വരെ 6954.2 കോടി രൂപ ചെലവഴിച്ചു. ബാക്കിയുണ്ടായിരുന്ന 39.22കോടിയുടെ ബില്ലുകൾക്കും പണം ലഭ്യമാക്കി. ഇതിലൂടെ 2,30,938 പദ്ധതികളാണ് പൂർത്തിയാക്കിയത്. 2017-18ലെ 85.45 ശതമാനമാണ് ഇതിനു മുന്നിലത്തെ ഏറ്റവും ഉയർന്ന കണക്ക്.
പൊതുവിഭാഗത്തിൽ 109.30 ശതമാനമാണ് ചെലവ്. പട്ടികജാതി ഘടക പദ്ധതിയിൽ 92.07, പട്ടികവർഗ ഘടക പദ്ധതിയിൽ 91.11 ശതമാനവും ചെലവിട്ടു. ധന കമീഷൻ ഗ്രാന്റിൽ പദ്ധതിനേട്ടം 78.12 ശതമാനം. കൊവിഡ് പ്രതിസന്ധിയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട തടസ്സവും മറികടന്നാണ് ഈ നേട്ടം.
ജില്ലകളിൽ 100 ശതമാനം കടന്ന വയനാടാണ് മുന്നിൽ. കൊല്ലവും തിരുവനന്തപുരവും ഒഴികെ ജില്ലകളെല്ലാം 90 ശതമാനത്തിലധികം ചെലവഴിച്ചു. 583 തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം കടന്നു. 461 പഞ്ചായത്തും 77 ബ്ലോക്ക് പഞ്ചായത്തും 38 മുനിസിപ്പാലിറ്റിയും ഏഴ് ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നു.
414 സ്ഥാപനങ്ങൾ 90 ശതമാനത്തിനുമുകളിൽ ചെലവിട്ടു. പഞ്ചായത്ത്-318, ബ്ലോക്ക് പഞ്ചായത്ത്-64, മുനിസിപ്പാലിറ്റി-26, ജില്ലാ പഞ്ചായത്ത്-6.
ശരാശരി ചെലവ് ശതമാനത്തിൽ
പഞ്ചായത്തുകൾ- 99.72 ബ്ലോക്ക് പഞ്ചായത്തുകൾ-101.04 ജില്ലാ പഞ്ചായത്തുകൾ-98.4 മുൻസിപ്പാലിറ്റികൾ-95.42 കോർപറേഷനുകൾ-72.79.
ജില്ലാ പഞ്ചായത്തുകളിൽ കണ്ണൂർ, ബ്ലോക്ക് പഞ്ചായത്തുകളിൽ ളാലം (കോട്ടയം), പഞ്ചായത്തുകളിൽ തകഴി, കോർപറേഷനുകളിൽ കണ്ണൂർ, മുനിസിപ്പാലിറ്റികളിൽ രാമനാട്ടുകര എന്നിവയാണ് മുന്നിൽ.