സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം ഗുരുതര പ്രശ്‌നമായി മാറും: കെ.കെ ശൈലജ

ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നേരത്തെ പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി തൃശൂർ പൂരം നടത്താനാകുമോയെന്ന് ആലോചിക്കണമെന്നും, ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം ഗുരുതര പ്രശ്‌നമാകാൻ പോകുന്നുവെന്നും, മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാണെന്നും മന്ത്രി അറിയിച്ചു.ഇപ്പോൾ തന്നെ പല മേഖലകളിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളവും ക്രമേണ വാക്സിൻ ക്ഷാമത്തിലേക്ക് പോകുകയാണ്. കൂടുതൽ വാക്സിൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്ക്ക്സിൻ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും കെ. കെ ശൈലജ പറഞ്ഞു.

12-Apr-2021