മൻസൂർ വധക്കേസ്; പ്രതി ചേർത്തവർക്ക് കേസുമായി ബന്ധമില്ല: എം. വി ജയരാജൻ
അഡ്മിൻ
പാനൂർ മൻസൂർ മൻസൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവുമായി ബന്ധമില്ലാത്തവരെന്ന് എം വി ജയരാജൻ. ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷ് കുലോത്തിന് സംഭവുമായി ബന്ധമില്ലെന്നും അതിൽ മനംനൊന്താണ് രതീഷ് ആത്മഹത്യ ചെയ്‌തെന്നും ജയരാജൻ പറഞ്ഞു. ലീഗ് പ്രവർത്തകർ നൽകിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പാനൂർ കടവത്തൂരിൽ സമാധാന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു എം വി ജയരാജൻ. പോളിംഗിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയതെന്ന് ജയരാജൻ പറയുന്നു. ആറ് മാസത്തിനിടെ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിന്റെ നയമല്ല. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്ന് പറഞ്ഞ ജയരാജൻ, യുഡിഎഫ് എന്തുകൊണ്ട് സമാധാന ശ്രമങ്ങളുമായി സഹകരിക്കുന്നില്ലെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവർത്തകരിൽ നിന്നും മർദ്ദനം ഏറ്റിരുന്നു. ഇതുസംബന്ധിച്ച് രതീഷിന്റെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സിപിഎം എതിരല്ലെന്നും എം വി ജയരാജൻ പറഞ്ഞു. കേസിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്‌തോട്ടെ. അതിന് എതിരല്ലെന്ന് ജയരാജൻ വ്യക്തമാക്കി.