സ്വർണക്കള്ളക്കടത്ത് കേസിൻ്റെ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ തമ്മിൽ തർക്കം
അഡ്മിൻ
കേന്ദ്ര ഏജൻസികൾ തമ്മിൽ സ്വർണക്കള്ളക്കടത്ത് കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തർക്കം. എൻഐഎ കേസിൻ്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെട്ടു. എന്നാൽ അത് നടക്കില്ലെന്നാണ് എൻഐഎയുടെ നിലപാട്.
ഇക്കാര്യമുന്നയിച്ച് കൊച്ചിയിലെ എൻഐഎ കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.കേസിൻ്റെ വിചാരണ അനധികൃത പണം കൈമാറ്റവുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പിഎംഎൽഎ നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസെന്ന് ഇഡി വാദിക്കുന്നു.
ഈ ആവശ്യത്തെ എൻഐഎ പൂർണ്ണമായും എതിർത്തു. തങ്ങൾ രജിസ്റ്റർ ചെയ്ത കേസുകൾ വിചാരണ ചെയ്യേണ്ടത് എൻഐഎ കോടതിയിലാണ് എന്നാണ് മറുവാദം. എന്തിനാണ് ഇങ്ങനെയൊരു ഹർജിയുമായി വന്നതെന്നും എൻഐഎ ഇഡിയോട് ചോദിച്ചു. ഹർജിയിൽ അടുത്തയാഴ്ച വീണ്ടും വാദം കേൾക്കും.