കെ. എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും അന്വേഷണ സംഘം കോടതിക്ക് കൈമാറി

കെ. എം ഷാജി എം.എല്‍.എയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലന്‍സ്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.

കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

അതേസമയം, കെ. എം ഷാജിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലൻസ് ശേഖരിക്കുക.

15-Apr-2021