‘ സമുദായ സംഘടനകളും ജനവിധിയും’; എൻ.എസ്.എസിനെതിരെ സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എന്‍.എസ്.എസിനെതിരെ വീണ്ടും സി.പി.ഐ.എം. ‘സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ പോകാന്‍ എന്‍.എസ്.എസിന് കഴിയില്ല. കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും ഇത് അനുവദിക്കില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വ്യക്തമായി പറഞ്ഞത്. ഇത് വോട്ടെണ്ണിക്കഴിയുമ്പോള്‍ മനസിലാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറയുന്നു.

‘സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ പോകാന്‍ എന്‍.എസ്.എസിന് കഴിയില്ല. കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും ഇത് അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍.എസ്.എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിരിക്കും ആ സമുദായത്തില്‍ നിന്ന് ഉണ്ടാവുക എന്നത് ഉറപ്പാണ്,’ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ‘ സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിൽ എ. വിജയരാഘവൻ പറയുന്നു.

ഒരു ജാതി-മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നും അതുതന്നെയായിരിക്കും നിലപാടെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. ആര്‍.എസ്.എസ് അജണ്ട പ്രകാരം തീവ്ര വര്‍ഗീയ നിലപാടുമായി കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന ഈ നയവും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍.എസ്.എസിനെപോലുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

16-Apr-2021