സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസത്തിലും തുടരും: മുഖ്യമന്ത്രി
അഡ്മിൻ
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ആദ്യം ബാധിക്കുന്നത് അടുക്കളകളെയാണെന്നും അതുകൊണ്ടാണ് ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആരംഭിച്ചതെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.'കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്.
ലോക്ക്ഡൗൺ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങൾ അതിന്റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്'.
'എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി വിതരണം നേരത്തേ ലോക്ക്ഡൗൺ ഘട്ടത്തിൽ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികൾക്ക് അവർക്കാവശ്യമുളള സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവർക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ നീട്ടുന്നതിനാൽ ജനങ്ങൾ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. അവശ്യ സാധനക്കിറ്റ് 2021 ജൂണിലും വിതരണം ചെയ്യും. അദ്ദേഹം വ്യക്തമാക്കി.