എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണം: ബിനോയ് വിശ്വം
അഡ്മിൻ
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഫണ്ട് നിര്‍ത്തിവച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഈ തുക ഉപയോഗിക്കുമെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
കോവിഡിന്റെ രണ്ടാംവരവില്‍ ഈ തുക ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി വിനിയോഗിക്കണമെന്നുള്ള പ്രധാന ആവശ്യമാണ് കത്തില്‍ പറയുന്നത്. ആരോഗ്യ സേവനങ്ങളുടെയും മരുന്നുകളുടെയും ഓക്സിജന്റെയും അഭാവംമൂലം നിരവധി ആളുകള്‍ക്കാണ് ഓരോ ദിവസവും ജീവൻ നഷ്ടമായികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സഹായംതേടി ജനപ്രതിനിധികളെ സമീപിക്കുന്നു. എന്നാല്‍ ഫണ്ടില്ലാത്തത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
അതുകൊണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കോവിഡ് പിടിമുറുക്കിയ സാഹചര്യത്തില്‍ സെൻട്രല്‍ വിസ്ത പോലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.