പ്രതിപക്ഷനേതാവായി രമേശ്‌ ചെന്നിത്തല തുടരാൻ സാധ്യത

പ്രതിപക്ഷനേതാവായി രമേശ്‌ ചെന്നിത്തല തുടരാൻ സാധ്യത. പി.ടി. തോമസ്‌ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി ഉപനേതാവായേക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ 20-നു സത്യപ്രതിജ്‌ഞ ചെയ്യുന്നതോടെ, 24-നുതന്നെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ആലോചനയുണ്ട്‌.അശോക്‌ ഗെലോട്ടിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ്‌ പ്രതിനിധിസംഘം 20-നു സംസ്‌ഥാനത്തെത്തും.

എം.എല്‍.എമാരുടെ അഭിപ്രായം തേടിയശേഷം, പ്രതിപക്ഷനേതാവ്‌ ആരായിരിക്കണമെന്നു സംഘംഹൈക്കമാന്‍ഡിനെ അറിയിക്കും.കോണ്‍ഗ്രസ്‌ നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷവും ചെന്നിത്തലയെ പിന്തുണയ്‌ക്കുന്നവരാണ്‌.വി.ഡി. സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോ പ്രതിപക്ഷനേതാവാകണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്‌.എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെന്നിത്തലയെ മാറ്റേണ്ടതില്ലെന്നാണു മുതിര്‍ന്നനേതാക്കള്‍ക്കിടയിലുള്ള ധാരണ. അതിനോടു ഹൈക്കമാന്‍ഡിനും വിയോജിപ്പില്ല.
മാറാന്‍ ചെന്നിത്തലതന്നെ സന്നദ്ധനായാലേ ഐ ഗ്രൂപ്പ്‌ മറ്റൊരാളെ ആലോചിക്കൂ.

കഴിഞ്ഞതവണ പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ മികച്ച പ്രകടനവും അവര്‍ എടുത്തുകാട്ടുന്നു. എന്നാല്‍, അവസരത്തിലും അനവസരത്തിലും ചെന്നിത്തല സര്‍ക്കാരിനെതിരേ നടത്തിയ നീക്കങ്ങളാണ്‌ ഇത്രയും വലിയ പരാജയത്തിനു കാരണമായതെന്നു പാര്‍ട്ടിയില്‍ മറ്റൊരുവിഭാഗം ആരോപിക്കുന്നു. പ്രതിപക്ഷനേതാവ്‌, കെ.പി.സി.സി. അധ്യക്ഷന്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ സ്‌ഥാനങ്ങള്‍ പാക്കേജിന്റെ അടിസ്‌ഥാനത്തില്‍ പുനഃസംഘടിപ്പിക്കാനാണു ഹൈക്കമാന്‍ഡ്‌ ആലോചന.

15-May-2021