വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചു വിടണം: എളമരം കരീം

ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച് സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. ജമാഅത്തെ ഇസ്ലാമി രൂപംനല്‍കിയ 'വെല്‍ഫെയര്‍ പാര്‍ടി ' എത്രയും വേഗം പിരിച്ചുവിടുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ 'പ്രച്ഛന്നവേഷം' കേരളത്തിലെ മുസ്ലിം ജനത തിരസ്‌കരിച്ചു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടെന്നും എളമരം. ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന 'ഹിന്ദുത്വ' പദ്ധതിയുടെ ഭാഗമായ ആക്രമണോത്സുകതയ്ക്ക് ന്യായീകരണം നല്‍കുന്ന ദൗത്യമല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലെന്നും അദ്ദേഹം എഴുതുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം, മീഡിയ വണ്‍ എന്നീ മാധ്യമസ്ഥാപനങ്ങളെയും ലേഖനത്തില്‍ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട്. നാമമാത്രമായ മണ്ഡലങ്ങളില്‍മാത്രം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ടി യുഡിഎഫിനെ വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ചു. 'മാധ്യമം ' ദിനപത്രവും 'മീഡിയാവണ്‍ ' ചാനലും എല്ലാ മര്യാദയും ലംഘിച്ചു. '' കേരളത്തിലെ മുസ്ലിങ്ങളില്‍ നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്ലാമിക്ക് ഉള്ളൂ. മുസ്ലിങ്ങളെ പ്രതിനിധാനംചെയ്യുന്നതില്‍ അംഗബലത്തിലും കര്‍മബലത്തിനും ശക്തമായ മറ്റു സാന്നിധ്യങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു പൊതുവേദി പ്രച്ഛന്ന വേഷങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ആര്‍ജിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രച്ഛന്നവേഷങ്ങള്‍ ഇല്ല.

മാധ്യമം ദിനപത്രം, വാരിക, മീഡിയ വണ്‍ ചാനല്‍ എന്നിവ പ്രച്ഛന്ന രൂപങ്ങളായിരുന്നു. അതേസമയം തങ്ങളുടെ ആശയാടിത്തറ വിശദീകരിക്കാന്‍ 'പ്രബോധനം' നിലനിര്‍ത്തി. ഭൂസമരങ്ങളിലേക്കും ദളിത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്. സോളിഡാരിറ്റി മറ്റൊരു പ്രച്ഛന്ന വേഷമായിരുന്നു. പുരയ്ക്കുമേല്‍ ചായുമെന്നായപ്പോള്‍ സോളിഡാരിറ്റിയെ അപ്രത്യക്ഷമാക്കിയ ജാലവിദ്യയും കേരളം കണ്ടു.'' എന്നും എളമരം കരീം പറയുന്നു.

17-May-2021