എന്തുകൊണ്ടാണ് കോൺഗ്രസുകാർ പാലസ്തീൻ വിഷയത്തിൽ മിണ്ടാത്തത്: എം.എ ബേബി

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ നിലപാട് വ്യക്തമാക്കാത്തത് ഇന്ത്യയിലെ ഹിന്ദുത്വ വർഗീയവാദികളെ ഭയന്നിട്ടാണോയെന്നു എംഎ ബേബി. ഇങ്ങനെ വര്‍ഗീയ പ്രീണനം നടത്തി ആര്‍ എസ് എസ് രാഷ്ട്രീയത്തെ നേരിടാം എന്നാണോ നിങ്ങള്‍ കരുതുന്നതെന്നും കോണ്‍ഗ്രസിനോട് എംഎ ബേബി ചോദിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേ ഹത്തിൻറെപ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൻറെ കാര്യത്തിൽ ഇന്ത്യ “പലസ്തീൻറെ ന്യായമായ വാദത്തിന്” ഒപ്പമാണ് എന്ന നിലപാടാണ് ഐക്യരാഷ്ട്ര സഭയിൽ എടുത്തത്. അതോടൊപ്പം “ഇരുപക്ഷവും അക്രമം അവസാനിപ്പിക്കണം” എന്ന അക്രമിയെയും ഇരയെയും സമീകരിക്കുന്ന നിലപാടും എടുത്തു. സയണിസ്റ്റുകളെപ്പോലെ തന്നെ മതരാഷ്ട്രവാദികളായ ആർ എസ് എസുകാർ നയിക്കുന്ന ഒരു സർക്കാരിൽ നിന്നും ഇത് അപ്രതീക്ഷിതമായിരുന്നില്ല.

പക്ഷേ, പലസ്തീനികളെ വംശഹത്യ ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തിന്റെ ആക്രമണത്തെക്കുറിച്ച് കോൺഗ്രസിന്റെ അഭിപ്രായം എന്താണ്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പരമ്പരാഗത പലസ്തീൻ അനുകൂല നിലപാട് തന്നെയാണോ രാഹുൽ ഗാന്ധിയ്ക്കും ഉള്ളത്? മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും എടുത്ത നിലപാട്? എന്തുകൊണ്ടാണ് കോൺഗ്രസുകാരാരും ഇക്കാര്യത്തിൽ മിണ്ടാത്തത്? ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികളെ ഭയന്നിട്ടാണോ? ഇങ്ങനെ വർഗീയ പ്രീണനം നടത്തി ആർ എസ് എസ് രാഷ്ട്രീയത്തെ നേരിടാം എന്നാണോ നിങ്ങൾ കരുതുന്നത്?

ഐക്യരാഷ്ട്ര സഭയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന, സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ച ഡോ. ശശി തരൂരിനെങ്കിലും ഇക്കാര്യത്തിൽ ഒരു അഭിപ്രായം ഉണ്ടാകുമോ? ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന ആളല്ലേ?

18-May-2021