ഗ്രൂപ്പ് പോരുകൾക്കിടയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്

ഗ്രൂപ്പ് പോരുകൾക്കിടയിൽ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഇന്ന് കോൺഗ്രസ് എം.എൽ.എമാർ യോഗം ചേരും. രാവിലെ 11-ന് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം. സ്വാഭാവികമായി മുന്നണിയെ നയിക്കുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായിരിക്കും പ്രതിപക്ഷനേതാവാകുക.

പ്രതിപക്ഷ നേതാവ് ആരാകണമെന്നകാര്യത്തിൽ എം എൽ എമാരുടെ മനസ്സറിയാൻ എ.ഐ.സി.സി. പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെ, ജി. വൈദ്യലിംഗം എന്നിവർ ഇന്നു രാവിലെ തലസ്ഥാനത്ത് എത്തും. പുതിയ നേതാവ് ആരായിരിക്കണം എന്നതു സംബന്ധിച്ച് ഇവർ നിയുക്ത എം.എൽ.എമാരോട് ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയാകും അഭിപ്രായം തേടുക.

എം.എൽ.എമാരുടെ പൊതുവികാരം ഹൈക്കമാൻഡിനെ അറിയിച്ചശേഷം അവരുടെ കൂടി താൽപര്യം കണക്കിലെടുത്തായിരിക്കും പ്രഖ്യാപിക്കുക. നടപടികളെല്ലാം പൂർത്തീകരിച്ച് ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഹൈക്കമാൻഡ് തീരുമാനം വൈകിയാൽ മാത്രമേ പ്രഖ്യാപനം നീളുകയുള്ളൂ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെത്തന്നെ ഇത്തവണയും കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണു കൂടുതൽ സാധ്യത. അങ്ങനെ വന്നാൽ ഉപനേതാവായി പി.ടി. തോമസിന്റെ പേരിനാണു മുൻതൂക്കം. മുന്നണിയെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിയാതിരുന്നത് അദ്ദേഹത്തിനു വലിയ തിരിച്ചടിയുമാണ്. ചെന്നിത്തലയെ മാറ്റിനിർത്തിയാൽ ആദ്യ പരിഗണന വി.ഡി. സതീശനായിരിക്കും.


ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയിലെ യുവനിര സതീശൻ നേതാവകണമെന്ന ചിന്താഗതിക്കാരാണ്. ഹൈക്കമാൻഡുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. സതീശനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും നിയമസഭാകക്ഷിയിൽ അദ്ദേഹത്തിന് കാര്യമായ പിന്തുണയില്ല. 21 അംഗങ്ങളുള്ള കോൺഗ്രസ് നിയമസഭാകക്ഷിയിൽ 12 പേർ ഐ ഗ്രൂപ്പുകാരാണ്.

18-May-2021