രണ്ടാം ഇടതുമുന്നണി മന്ത്രിസഭ നാളെ അധികാരത്തിലേറും
അഡ്മിൻ
ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ക്യാബിനിലുണ്ടാവുക മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങള്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ 21 അംഗമന്ത്രി സഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിലൂടെ വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാന്യം എന്ന കാര്യം അടിവരയിടുന്നു.
മന്ത്രിസഭയില്‍ സിപിഐ എമ്മിന്റെ 12 മന്ത്രിമാരില്‍ പത്ത് പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്. സ്പീക്കറാകുന്ന എം ബി രാജേഷും നിയമസഭയില്‍ കന്നിക്കാരനാണ്. 17പേരില്‍ ഒമ്പതുപേര്‍ നിയമസഭയില്‍ തന്നെ ആദ്യമാണ്. 1957ന് ശേഷം ആദ്യമായാണ് ഇത്രയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്.
എം വി ഗോവിന്ദന്, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര് ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്മാന് എന്നിവരാണ് മന്ത്രിമാര്‍. തൃത്താലയില്‍നിന്ന് വിജയിച്ച എം ബി രാജേഷ് സ്പീക്കറാകും. കെ കെ ശൈലജയെ പാര്‍ട്ടി വിപ്പ് ആയും നിയമസഭാ കക്ഷി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു.
സിപിഐയുടെ മന്ത്രിമാരായ നാലുപേരും പുതുമുഖങ്ങളാണ്. പി പ്രസാദ് , കെ രാജന്, ജെ ചിഞ്ചുറാണി , ജി ആര് അനില്‍ എന്നിവരാണ് മന്ത്രിമാര്‍. ചിറ്റയം ഗോപകുമാര്‍ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. റോഷി അഗസ്റ്റിനെ മന്ത്രിയായും ഡോ. എന്‍ ജയരാജിനെ ചീഫ് വിപ്പായും കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു ( ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരെ മന്ത്രിമാരായി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി (ജെഡിഎസ്), എ കെ ശശീന്ദ്രന് (എന്‍സിപി) എന്നിവര്‍ മന്ത്രിസഭയില്‍ തുടരും.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ ഒരുക്കവും പൂര്‍ത്തിയായി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പകല്‍ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും.
19-May-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ