നിയുക്ത മന്ത്രി അബ്ദു റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിണറായി രണ്ടാം മന്ത്രിസഭയിലെ നിയുക്ത മന്ത്രിയായ സിപിഎമ്മിലെ വി അബ്ദു റഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ വർദ്ധനവുള്ളതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്‌ദുറഹ്‌മാൻ. വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്.

മലപ്പുറത്തേക്ക് അദ്ദേഹം ഇനി വന്നേക്കില്ലെന്നും നാളെ നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുമെന്നുമാണ് വിവരം. തിരൂർ പൂക്കയിൽ സ്വദേശിയായ വി അബ്ദുറഹ്മാൻ ലീഗ് കോട്ടയായിരുന്ന താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. കെ എസ് യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്.കെഎസ് യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

ഐഎൻടിയുസി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയുമായി. കെപിസിസി അംഗം, തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. 2016ൽ ലീഗിലെ സിറ്റിങ് എഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണിയെ തറപറ്റിച്ച്‌ സിപിഐ(എം) സ്വതന്ത്രനായി താനൂരിൽനിന്നും നിയമസഭയിലെത്തിയത്.

19-May-2021