സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം പൂര്‍ത്തിയായി

സംസ്ഥാനവും ജനതയും കാത്തിരുന്ന ചരിത്ര നിമിഷത്തിലേക്കിനി മണിക്കൂറുകള്‍ മാത്രം. ഇടതുപക്ഷ മുന്നണിയുടെ രണ്ടാം ചുവടുവെപ്പിലേക്ക് വ്യാഴാഴ്ച പകല്‍ മൂന്നരയ്ക്ക് തുടക്കമാകും. പുതുമുഖങ്ങളാല്‍ സമ്പന്നമായ, യുവത്വത്തിന്റെ കരുത്തുള്ള, ആത്മവിശ്വാസത്തിന്റെ പുതിയൊരു കാല്‍വെപ്പിനാണ് സംസ്ഥാനം ഇന്ന് സാക്ഷിയാവുക.

എല്ലാ പ്രതിസന്ധികളെയും അതീജിവിച്ച, കേരള ജനതയെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനൊടൊപ്പം പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ചരിത്രത്തില്‍ തന്നെ ആദ്യ തുടര്‍ഭരണത്തിലേക്ക് മലയാള ജനത സാക്ഷിയാകാന്‍ പോകുന്നത്.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. കേരള ജനത വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകും.പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് ഒരു മന്ത്രിയും പങ്കെടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചവര്‍ പകല്‍ 2.45നു മുമ്പ് സ്‌റ്റേഡിയത്തില്‍ എത്തണം. ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. ശാരീരിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സെക്രട്ടറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റ് വഴിയാണ് പ്രവേശനം.

20-May-2021